|||| |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

ABOUT SCHOOL

    ടി.എസ്.എസ്സിനെ കുറിച്ച്....

  തയ്യാറാക്കിയത് : ഫാത്തിമ ഫൈറൂസ. കെ.ടി (സ്റ്റുഡന്റ് എഡിറ്റര്‍)
 
  താഴെ കുന്നിന്‍ ചെരിവില്‍ നിന്നും നെല്‍വയലുകളെ തഴുകിയെത്തുന്ന കാറ്റിന്റെ തലോടലേറ്റ്,  തടത്തില്‍ കുണ്ടിന്റെ ഹൃദയ ഭാഗത്ത്, അശോക മരങ്ങള്‍ അതിരിട്ട തങ്ങള്‍സ് സെക്കന്ററി സ്കൂള്‍ നിലകൊള്ളുന്നു. 
    അക്ഷരങ്ങള്‍ വിരിച്ച പാതയിലൂടെ ടി.എസ്.എസ് നാടിനെ മുന്നോട്ട് നയിക്കാന്‍ തുടങ്ങിയിട്ട് 37 വര്‍ഷങ്ങള്‍ തികയുന്നു. കുന്നിന്‍ മുകളില്‍ നിന്നും നാടൊട്ടുക്കും നോക്കിക്കാണാവുന്ന ഈ സരസ്വതിക്ഷേത്രത്തിലേക്ക് വിജ്ഞാനത്തിന്റെ കൂമ്പാരം ചികയാനെത്തുന്ന ആയിരക്കണക്കിനു വെള്ളപ്പറവകള്‍. തൊട്ടു താഴെ, സ്കൂള്‍ പ്രവൃത്തിദിനങ്ങളില്‍ മാത്രം ആലസ്യം വിട്ടെണീക്കുന്ന അങ്ങാടി.
    അടങ്ങാത്ത വിജ്ഞാന ത്വരയോടെയല്ലെങ്കിലും ഒന്നോ രണ്ടോ ആണ്‍കുട്ടികള്‍ മാത്രം ദൂരെയുള്ള സ്കൂളുകളില്‍ പോയി പഠിച്ചിരുന്ന കാലം. പെണ്‍കുട്ടികള്‍ ഓല മേഞ്ഞ കൂരകള്‍ക്കു താഴെ അക്ഷരങ്ങളില്‍ നിന്നകന്ന് കഴിഞ്ഞു. വടക്കാങ്ങരയുടെ പൂര്‍വ്വ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഇത്തരമൊരു കാലഘട്ടത്തിലാണ് ഈ നാടിന്റെ വികസന നായകന്‍
കെ.കെ.എസ് തങ്ങള്‍
കെ.കെ.എസ് തങ്ങള്‍ ടി.എസ്.എസ് എന്ന അക്ഷരമുറ്റത്തെ നാടിനു സമര്‍പ്പിക്കുന്നത്. ഉരുളന്‍കല്ലുകള്‍ നിറഞ്ഞ ഇവിടത്തെ നാട്ടുവഴികളില്‍  നിന്നും ഈ ഗ്രാമത്തിന്റെ മണം കേരള നിയമനിര്‍മ്മാണ സഭയിലെത്തിച്ച മഹാനായിരുന്നു കെ.കെ.എസ്. ദാരിദ്ര്യം നിറഞ്ഞ വടക്കാങ്ങരയുടെ മുഖം മാറ്റാന്‍ വിദ്യഭ്യാസ പുരോഗതിക്കു മാത്രമേ കഴിയൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം 1976 ല്‍ തങ്ങള്‍സ് സെക്കന്ററി സ്കൂള്‍ സ്ഥാപിച്ചു. അപ്പോഴേക്കും റോഡ്, വൈദ്യുതി തുടങ്ങിയ മറ്റു പലതും തങ്ങളുടെ ദേശസ്നേഹത്തിനു തെളിവായി ഗ്രാമത്തിലെത്തിയിരുന്നു. അങ്ങനെ, കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന അപരിഷ്കൃതരായ ഒരു കൂട്ടം ആളുകളുടെ മനസ്സും ഈ വിദ്യാലയത്തോട് ചേര്‍ന്നു. ഇന്ന് മാറ്റങ്ങളേറെ സംഭവിച്ച വര്‍ത്തമാന കാലത്തു നിന്ന് 1970 കളുടെ ആ കാലഘട്ടത്തിലേക്ക് നോക്കുമ്പോള്‍ ടി.എസ്.എസ്സിന്റെ മുഖത്ത് ചാരിതാര്‍ത്ഥ്യത്തിന്റെ പുഞ്ചിരി
    എസ്.എസ്.എല്‍.സി പരീക്ഷയിലെ പ്രഥമ വിജയമായ 81% ല്‍ നിന്നും 99.5% ല്‍ എത്തി നില്‍ക്കുന്നുവെന്ന് കാണുമ്പോള്‍ സ്കൂളിന്റെ പ‌ഠനപുരോഗതിക്ക് മറ്റൊരു സാക്ഷ്യമില്ല. അന്ന് 51 പേര്‍ പരീക്ഷക്കിരുന്നേടത്ത് ഇന്ന് 500 നടുത്ത് കുട്ടികള്‍ ഓരോ വര്‍ഷവും പരീക്ഷയെഴുതുന്നു.
    വിദ്യാര്‍ത്ഥികളെ പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള ലോകത്തേക്ക് നയിക്കുന്നതില്‍ സ്കൂള്‍ ലൈബ്രറികളുടെ പ്രാധാന്യം വളരെ വലുതാണ്. 1976-ല്‍ സ്കൂള്‍ സ്ഥാപിച്ച സമയത്ത് കെ.കെ.എസ്. സ്വന്തം ശേഖരത്തിലെ പുസ്തകങ്ങള്‍ സ്കൂളിലേക്ക് മാറ്റിയാണ് ലൈബ്രറി സംവിധാനം ആരംഭിച്ചത്. ഇന്ന് കമ്പ്യൂട്ടര്‍ വല്‍ക്കരിക്കപ്പെട്ട ലൈബ്രറിയില്‍ വിവിധ വിഷയങ്ങളിലായി ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉണ്ട്. ലൈബ്രറിയിലെ തിരക്ക് വായനയെ ടി.എസ്.എസിലെ കുട്ടികള്‍ നെഞ്ചേറ്റിയതിന്റെ സൂചനയാണ്. ഓരോ ക്ലാസിലും ശരാശരി 65 എന്ന ക്രമത്തില്‍ 27 ക്ലാസുകളിലും സജ്ജീകരിച്ചിട്ടുള്ള  ക്ലാസ് റൂം ലൈബ്രറി & റീഡിംഗ് കോര്‍ണര്‍ കേരളത്തില്‍ തന്നെ ആദ്യമാരംഭിച്ച സ്കൂളുകളില് ടി.എസ്.എസ്സും ഉണ്ടാവും. ക്ലാസ്സുകളില്‍ നിന്നുതന്നെ ലൈബ്രറി ലീഡര്‍മാരെ തെരഞ്ഞെടുക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളെ ഉത്തരവാദിത്വമുള്ളവരാക്കാനും ഈ സംരംഭം സഹായിക്കുന്നു. 2005-ല്‍ ബഹു. വിദ്യഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ സാഹിബ് ആണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്. മാത്രമല്ല സ്കൂള്‍ മുറ്റത്ത് പ്രത്യേകം സജ്ജീകരിച്ച  റീഡിംഗ് കോര്‍ണറില്‍ പത്രവായനക്ക് സൗകര്യമൊരുക്കിയിരിക്കുന്നു.
    കാണാപാഠം പഠിച്ചുരുവിടുന്നതിനേക്കാള്‍ കണ്ടും കേട്ടും ഹൃദ്യസ്ഥമാവുന്ന അറിവുകള്‍ക്കാണ് ആഴം കൂടുതല്‍. ഈ തിരിച്ചറിവാണ് സ്മാര്‍ട്ട് ക്ലാസ്റൂമിന്റെ പിറവിക്ക് കാരണമായത്. എല്ലാ വിഷയങ്ങളിലേയും പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൗകര്യം 100 പേര്‍ക്ക് ഇരിക്കാവുന്ന സിറ്റിംഗ് സംവിധാനമുള്ള സ്മാര്‍ട്ട് ക്ലാസ് റൂമിലുണ്ട്.
    സ്കൂളില്‍ IT ലാബ് സൗകര്യം ആദ്യമായി നടപ്പാക്കിയ ചുരുക്കം ചില വിദ്യാലയങ്ങളില്‍ ഒന്നാണ് ടി.എസ്.എസ്. രക്ഷിതാക്കളുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും ജനപ്രതിനിധികളു‌ടേയും ഒത്തൊരുമയില്‍ ഉടലെടുത്ത രണ്ട് കമ്പ്യൂട്ടര്‍ ലാബുകള്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. നവീകരിച്ച IT ലാബും സ്മാര്‍ട്ട് ക്ലാസ് റൂമും അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. അറിവിനെ വിരലുകളലൂടെ തൊട്ടറിയാന്‍ സയന്‍സ് ലാബും സ്മാര്‍ട്ട് ക്ലാസ് റൂമിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
    1998 വര്‍ഷത്തിലാണ് സ്കൂളില്‍ സ്കൗട്ട് & ഗൈഡ്സ് പ്രവര്‍ത്തനം തുടങ്ങുന്നത്. ആധുനിക സമൂഹം ദുശ്ശീലങ്ങളില്‍ പെട്ടുഴറുമ്പേള്‍ ഈ പ്രസ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കാവുന്നതാണ്. അപകടങ്ങളില്‍ പിടയുന്ന ജീവനുകള്‍ക്ക് നേരെ സഹായഹസ്തം നീട്ടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ജൂനിയര്‍ റെഡ്ക്രോഡും സ്കൂളില്‍ സ്ഥാപിതമായി.
    ദൂരദേശങ്ങളില്‍ നിന്നുപോലും വിദ്യാലയത്തിലെത്തുന്ന കൂട്ടികളുടെ യാത്ര സുഗമമാക്കാന്‍ സ്കൂള്‍ ബസ് സര്‍വ്വീസ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
    കലാ, കായിക, ശാസ്ത്ര മേളകളിലെ സ്കൂളിന്റെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. സബ് ജില്ലാ, ജില്ലാ തലത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ സ്കൂളിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്.  2011 – ല്‍ ടി.എസ്.എസ്. ഏറ്റെടുത്ത് നടത്തിയ സബ് ജില്ലാ കലാമേള കൂട്ടായ്മയുടെ ബലത്താല്‍ വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
    പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്കുപരി അറിവുകളെ  സമൂഹവുമായി ബന്ധപ്പെടുത്താനും അവയുടെ സാമൂഹ്യവശങ്ങള്‍ മനസ്സിലാക്കി നല്‍കാനും വേണ്ടി 15 – ഓളം ക്ലബ്ബുകള്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രസംഗകലയെ പരിപോഷിപ്പിക്കാന്‍ വേണ്ടി രൂപീകൃതമായ Oratory ക്ലബ്ബും ഊര്‍ജ്ജ സംരക്ഷണ സന്ദേശം വിദ്യാര്‍ത്ഥികളെലെത്തിക്കുന്ന ഊര്‍ജ്ജക്ലബ്ബും ഇതിലുള്‍പ്പെടും. കഴിഞ്ഞ വര്‍ഷം ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഊര്‍ജ്ജ ഉപഭോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിന്റെ സമീപ പ്രദേശങ്ങളില്‍ ഊര്‍ജ്ജ ക്ലബ്ബ് നടത്തിയ പ്രൊജക്ട് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടി. ഹെഡ്മാമാസ്റ്റര്‍ക്കും ക്ലബ്ബ് കണ്‍വീനര്‍ക്കുമൊപ്പം എറണാകുളത്തുവെച്ച് ക്ലബ്ബ് പ്രതിനിധികള്‍ ഇന്ത്യയുടെ മിസൈല്‍മാന്‍ ഡോ. എ.പി.ജെ. അബ്ദുല്‍കലാമില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷം ടി.എസ്.എസിന്റെ കിരീടത്തില്‍ ചാര്‍ത്തപ്പെട്ട മറ്റൊരു സ്വര്‍ണ്ണത്തൂവലായി. 

കഴിഞ്ഞമാസം സ്കൂളിലെ പ്രധാന വേദിയില്‍ വെച്ച് നടന്ന എല്ലാ ക്ലബ്ബുകളുടേയും സംയുക്ത ഉദ്ഘാടനം നടന്നപ്പോള്‍ അത് ക്ലബ്ബുകളുടെ ഒത്തൊരുമയുടെ പ്രതീകമായി.
    500 -ഓളം കുട്ടികള്‍ ഈവര്‍ഷവും സ്കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നുണ്ട്. മെച്ചപ്പെട്ട പരീക്ഷാഫലവും ഉയര്‍ന്ന ഗ്രേഡും ലക്ഷ്യംവെച്ച് വര്‍ഷങ്ങളായി പ്രത്യേക പരിശീലന പദ്ധതികളാണ്  നടപ്പാക്കിവരുന്നത്. വിജയഭേരി പദ്ധതിയുടെ കീഴില്‍ നടത്തുന്ന ഒരുക്കം സഹവാസ ക്യാമ്പ്യുകളും അവധിക്കാലത്തും രാത്രികാലങ്ങളലുമുള്ള പഠന ക്യാമ്പ്യുകളും വിദ്യാര്‍ത്തികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകളും സ്കൂളില്‍ നടന്ന് വരുന്നു.  കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളുടെ പ്രതിഭ തേച്ചുമിനുക്കുന്നതിനായി തുടക്കം കുറിച്ച ടാലന്റ് മീറ്റും വിദ്യാര്ത്ഥികള് പിന്നോക്കം നില്ക്കുന്ന വിഷയങ്ങള്ക്ക് ഊന്നല് നല്കിക്കൊണ്ട് നടപ്പിലാക്കുന്ന വിജയമന്ത്രം ക്യാമ്പും എല്ലാം മറ്റു സ്കൂളുകള്‍ മാതൃകയാക്കേണ്ടതാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ടാലന്റ് മീറ്റിന്റെ വിഭവസമൃദ്ധമായ ഏഴാം സ്പെല്‍ അ‌ടുത്തിടെയാണ്  കഴിഞ്ഞത്.
    സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്ന വിദ്യാഭ്യാസ പുരോഗതിയില്‍ തല്‍പരരായ ഒരു മാനേജ്മെന്റ് സ്കൂളിന്റെ സമ്പത്താണ്. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്ന് സഹായം നല്‍കുന്ന പി.ടി.എ. സ്കൂളിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കാത്തുസൂക്ഷിക്കുന്ന സ്നേഹം വിദ്യാലയത്തിന് എന്നും മുതല്‍ കൂട്ടാണ്. പരസ്പര  സഹകരണത്തോടെയും അര്‍പ്പണ മനോഭാവത്തോടെയും സ്വന്തം തിരക്കുകള്‍മാറ്റിവെച്ച് പോലും സ്കൂളിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജീവനക്കാരും അധ്യാപകരുമാണ്  സ്കൂളിന്റെ ഉര്‍ജ്ജം. ഒപ്പം ഏത് പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപകര്‍ക്കൊപ്പം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളും.


    ടി.എസ്.എസ്. ഇപ്പോള്‍ സ്പന്ദനത്തിലെത്തി നില്‍ക്കുന്നു. സ്പന്ദനത്തിലൂടെ സ്വയം തിരിച്ചറിഞ്ഞാണ് തുടര്‍ പ്രയാണം.


          സ്പന്ദനത്തെ കുറിച്ച്: 2012 ഒക്ടോബര്‍ ആദ്യ വാരം സ്കൂളില്‍ ചേര്‍ന്ന എസ്.ആര്‍.ജി യോഗത്തിലാണ് ഇംഗ്ലീഷ് അധ്യാപകനാ‌യ എം.. റസാഖ് മാസ്റ്റര്‍ കുട്ടികളുടെ പത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് ചേര്‍ന്ന സ്റ്റ്ഫ് കൗണ്‍സില്‍ യോഗം ഈ സംരംഭത്തിന്റെ മേല്‍നോട്ടം വഹിക്കാനും തുടക്കം കുറിക്കാനും അദ്ദേഹത്തെ സ്റ്റാഫ് അഡ്വൈസറായി ചുമതലപ്പെടുത്തി. അഭിരുചി ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 32 പേരെ തെരഞ്ഞെടുക്കുകയും അവരില്‍ നിന്ന് എഡിറ്റര്‍, സബ് എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. കല, കായികം, ഓഫീസ്, വിദ്യഭ്യാസം, ക്ലബ്ബുകള്‍ എന്നിങ്ങനെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ചുമതലകള്‍ തരംതിരിച്ചു നല്‍കി. 2012 ഒക്ടോബര്‍ 17 ന് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് സ്പന്ദനത്തിന്റെ ആദ്യ കോപ്പി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റും ടി.എസ്.എസ്സിന്റെ മുന്‍ ഹെഡ്മാസ്റ്ററുമായ പി. മുഹമ്മദ് മാസ്റ്റര്‍ സ്കൂള്‍ ലീഡര്‍ ഹനാന്‍. പി.ടി ക്ക് നല്‍കി പ്രകാശനം ചെയ്തു. 2013 ഫെബ്രുവരി മുതല്‍ ഗണിതശാസ്ത്ര അധ്യാപകനായ പി.എം അനീസ് മാസ്റ്ററും സ്പന്ദനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നു

സ്പന്ദനം പ്രകാശനം - 17.10.2012 -
    കുരുന്നുകളുടെ നാവില്‍ അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് ടി.എസ്.എസ്. 37 വര്‍ഷം പിന്നി‌ടുകയാണ്. വടക്കാങ്ങരയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന  ഈ വിജ്ഞാന കേന്ദ്രവും അതില്‍ നിന്നും ജീവിതത്തിന്റെ സന്ദേശവുമേന്തി പറക്കുന്ന വെള്ള പറവകളും ഇനിയും കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും. അതെ, ടി.എസ്.എസ്. കിതക്കാതെ കുതിച്ചുകൊണ്ടിരിക്കുന്നു. ഉയരങ്ങളിലേക്ക്.

2 comments:

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...